പകല്‍ക്കിനാവ്..

Saturday, August 26, 2006

ഞാന്‍ ഒരു പാവം വായാടിപ്പെണ്ണാണേ....(മീനാക്ഷിക്കുട്ടിയും ആണേ..). പണ്ടൊക്കെ (എന്നു പറഞ്ഞാല്‍ സ്കൂളിലും കോളേജിലുമൊക്കെ തെക്കുവടക്കു വായിനോക്കി നടന്നിരുന്ന കാലത്ത്‌) "കത്തിയടിക്ക്‍ " ശ്രോതാക്കളെ സംഘടിപ്പിക്കാന്‍ എളുപ്പമായിരുന്നു.(അല്ലറചില്ലറ നംബറുകള്‍ ഉപയോഗിച്ചു നിഷ്കളങ്കരായ പിള്ളേരെ വശത്താക്കാന്‍ ദൈവാനുഗ്രഹത്താല്‍ സാധിച്ചുപോന്നിരുന്നു എന്നുവേണമെങ്കിലും പറയാം.) പക്ഷേ ഇവിടെയീ രാജ്യത്തെത്തിപ്പെട്ടതില്‍ പിന്നെ കഞ്ഞികുടി മുട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരുവശത്തു ഇംഗ്ലീഷില്‍ കത്തിവയ്ക്കാനുള്ള സങ്കേതികബുദ്ധിമുട്ടുകള്‍..:) മറുവശത്തു പറയുന്നതു മാറിപ്പോയി തടികേടാകുമോ എന്ന ആശങ്ക..ഇനി വല്ലപ്പോഴും മലയാളം-കത്തിക്കു പറ്റിയൊരാളെ ഒത്തുകിട്ടിയാലും അതുമിക്കവാറും "മലയാളം കുരച്ചു കുരച്ചു അരിയാം" കാറ്റഗറി ആയി പരിണമിക്കും. അങ്ങിനെ ഒരുവിധം നാവിന്റെ ചൊറിച്ചിലടക്കി മനസംയമനം പാലിച്ചു ജീവിച്ചുവന്നപ്പോഴല്ലേ എന്റെ പണ്ടെത്തെ ഒരു "ഇര" ബ്ലോഗുലകവും അതുവഴി മരുന്നും ഉപദേശിച്ചുതന്നത്. ഹാ..എന്തു പറയേണ്ടൂ...തേടിയ വള്ളി കാലില്‍ ചുറ്റി...(കഴുത്തില്‍ ചുറ്റാതെ നോക്കണമെന്നു ഞാനിതു പറഞ്ഞപ്പോള്‍ വേണ്ടത്ര വിവരമില്ലാത്ത ഒരു "അഭ്യുദയകാംക്ഷി" പറയുകയുണ്ടായി.അവനു പണ്ടേ എന്നോടല്‍പ്പം അസൂയ ഉള്ളതാ.

ദാ, എന്റെ പ്രശ്നം ഇതുതന്നെയാ...വായിട്ടലക്കല്‍...ബ്ലാ..ബ്ലാ...ബ്ലാ...പറഞ്ഞുവന്നതു(ഇവിടെ എഴുതേണ്ടതു) മീനക്ഷിക്കുട്ടിയെപ്പറ്റി അല്ലേ? എഴുതാം..എന്റെ ചേച്ചിയുടെ വാക്കുകള്‍ കടമെടുത്താല്‍ സംഗതി എളു-എളുപ്പം! "വിവരക്കേടിനു കൈയും കാലും വച്ചിട്ടു, അതിലേക്കു ഒരുകിലോ കുശുന്‍പും രണ്ടുകിലോ പരദൂഷണവും കാല്‍ക്കിലോ പൊങ്ങച്ചവും (സ്ത്രീജനങ്ങള്‍ക്കു പണ്ടേ ക്ലീഷെ ചെയ്തുവച്ചിട്ടുള്ള കാര്യങ്ങളാണേ. ഫെമിനിസ്റ്റുകള്‍ ക്ഷമിക്കട്ടെ..) ചേര്‍ത്തുകൂട്ടിയിളക്കിയാല്‍ മീനാക്ഷിയായി എന്ന്. അതില്‍ സത്യമൊന്നുമില്ലെന്നേ, ഇനിയല്‍പമുണ്ടെങ്കിലും അതൊക്കെ ചേര്‍ന്നാലല്ലേ ഈ മീനാക്ഷിക്കുട്ടിയാകൂ...ഇല്ലേല്‍ പാറൂട്ടിയോ, ദേവൂട്ടിയോ ഒക്കെ ആയിപോവില്ലാരുന്നോ....എന്തൊക്കെയായാലും മീനാക്ഷി ഒരു പാവമാണേ...എന്തേലും ഒക്കെ കുറച്ചു വര്‍ത്തമാനം പറയാനുള്ള അതിമോഹംകൊണ്ടു ഇവിടെവന്നു പെട്ടതാണേ...

ഗുരുക്കന്മാര്‍ പൊറുക്കട്ടെ....കൂട്ടുകാര്‍ സഹിക്കട്ടെ...എല്ലാവരും സ്നേഹിക്കട്ടെ..

ഒരുപാടു ഇഷ്ടം, സ്നേഹം, നന്മ...
എന്ന് സ്വന്തം മീനാക്ഷിക്കുട്ടി...

33 Comments:

 • At 2:08 PM, Blogger പെരിങ്ങോടന്‍ said…

  എത്ര കുത്തും കോമയും ബ്രാക്കറ്റും എല്ലാം ചേര്‍ന്നു സുന്ദരമായൊരു പോസ്റ്റ് തന്നെ ;)

  ഒരു രസത്തിനു വേണമെങ്കില്‍ ഈ പോസ്റ്റൊന്നു വായിച്ചുനോക്കാംട്ടോ

  ബൂലോഗത്തിലെ ചില അനുഷ്ഠാനങ്ങളെ കുറിച്ചറിയുവാന്‍ ഈ പോസ്റ്റും വായിച്ചു നോക്കുക.

  അപ്പോള്‍ പറഞ്ഞുവന്നതെന്താച്ചാല്‍ ബൂലോഗത്തിലേയ്ക്കു സ്വാ‍ഗതം.

  പിന്നെ, മീനാക്ഷിക്കുട്ടി ഒരു പെണ്ണായോണ്ടുമാത്രമാണു ഞാന്‍ ചാടിക്കേറി ആദ്യത്തെ സ്വാഗതം പറയുന്നതു്. അല്ലെങ്കില്‍ ഇതിനൊക്കെ എവിടെ സമയം ;)

   
 • At 2:09 PM, Blogger പെരിങ്ങോടന്‍ said…

  അയ്യോ എന്റെ കമന്റിലൊരു ! മിസ്സായി ;)

  എത്ര കുത്തും കോമയും ബ്രാക്കറ്റും! എല്ലാം ചേര്‍ന്നു സുന്ദരമായൊരു പോസ്റ്റ് തന്നെ..

  എന്നു വായിക്കുക.

   
 • At 2:12 PM, Blogger സൊലീറ്റയുടെ മമ്മി said…

  ഹ ഹ... ഞാന്‍ പോസ്റ്റ് വായിച്ച് വന്നപ്പോഴേയ്ക്കും (ഈ കമന്റെഴുതി വരുമ്പോഴേയ്ക്കും ഇനിയും താമസിക്കും !) പെരിങ്ങ്സ് വന്ന് സ്വാഗതം പറഞ്ഞുകഴിഞ്ഞു.

  (പെരിങ്സ് ആദ്യത്തെ സ്വാഗതം പറഞ്ഞാല്‍ പിന്നെ അമ്പത് കമന്റെങ്കിലും വീഴും കേട്ടോ ! :)

  മീനക്ഷിക്കുട്ടിയ്ക്ക് സ്വാഗതം. ഏയ് ഓട്ടോയിലെ ‘മീനുക്കുട്ടീ’ എന്ന വിളിയാണ് ഓര്‍മ്മ വരുന്നത്.

  ചടപടേന്നുള്ള എഴുത്തും രസായിട്ടുണ്ട്. മീനുക്കുട്ടിയ്ക്ക് വായ് അടയ്ക്കാതെ ഇരുന്ന് വിശേഷങ്ങല്‍ പങ്ക് വയ്ക്കാന്‍ ഈ സ്ഥലം പറ്റിയതാണ്.

   
 • At 2:22 PM, Blogger സൊലീറ്റയുടെ മമ്മി said…

  മീനുക്കുട്ടീ...

  കമന്റുകള്‍ പിന്‍ മൊഴിയില്‍ വരുന്നില്ലല്ലോ

  മീനുക്കുട്ടിയുടെ ബ്ലൊഗിലെ സെറ്റിംഗ്സില്‍ കമന്റ്സ് > കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് ആയി pinmozhikal@gmail.com കൊടുത്താല്‍ പിന്മൊഴികളില്‍ എല്ലാ കമന്റുകളും വരും. ആ കമന്റുകള്‍ കണ്ട് ആണ് കൂടുതല്‍ ആള്‍ക്കാര്‍ ഈ ബ്ലോഗിനെക്കുറിച്ചും പുതിയ പോസ്റ്റുകളെപ്പറ്റിയും അറിയുന്നത്.

  ഇതാ പിന്‍-മൊഴിയുടെ യുആറെല്‍ : http://evuraan.blogdns.org/malayalam/comments/index.shtml

   
 • At 7:21 PM, Blogger മീനാക്ഷിക്കുട്ടി said…

  പെരിങ്ങോടന്‍, സ്വാഗതത്തിനു ഒരുപാടു നന്ദി. പോസ്റ്റ് ഞാന്‍ വായിച്ചു. ആകെ ഒന്നു ചമ്മികെട്ടോ. എത്രയാ തെറ്റുകള്‍. അല്ലെങ്കിലും സ്ഥാനത്തും അസ്ഥാനത്തും മൂന്നാലു കുത്തുകള്‍ ഇടുന്നത് എന്റെ ഒരു ദൌര്‍ബല്യം ആണ്. എന്റെ ഒരു ധാരണ അതെന്തോ ഇമ്മിണി വല്യ ഒരു സംഭവം ആണെന്നാ. തീര്‍ച്ചയായും ഇനിമുതല്‍ ശ്രദ്ധിക്കാം. ചിലപ്പൊ ഞാന്‍ നേരെയാവാന്‍ കുറച്ച് സമയം എടുത്തേക്കും.(പട്ടിയുടെ വാല് എന്ന ചൊല്ല് പോലെ.)ക്ഷമിക്കുമല്ലോ. ആ സെറ്റ് വളരെ ഉപയോഗപ്രദം ആയിരുന്നു. ഇനിയും ഇതുപോലെ നിര്‍ദേശങ്ങള്‍ നല്‍കും എന്നു പ്രതീക്ഷിച്ചോട്ടെ. ദാ, ഇപ്പോള്‍ തന്നെ ഈ കമന്റ് അല്പം വൃത്തി ആയിട്ടില്ലേ? ഒരല്പം കൂടെ? :)

   
 • At 7:29 PM, Blogger Adithyan said…

  പറഞ്ഞ് പറഞ്ഞ് സംഭവം സത്യമാണല്ലോ... ലേഡീസ് എവടെ, അവിടെ പെരിങ്ങോടനും എന്ന രീതിയിലാണല്ലോ കാര്യങ്ങള്‍ ;))

  അപ്പോ മീനാക്ഷിയേ, സ്ഥലത്തെ പ്രധാന അവിവാഹിതനാണു കേട്ടോ പെരിങ്ങ്സ്... പുള്ളി ലേഡീസിനു മാത്രമേ സ്വാ‍ഗതം പറയൂ എന്നൊരു ആരോപണം ഇണ്ടേയ്...

  ഞാന്‍ അങ്ങനെ ഒന്നും അല്ല കേട്ടോ. ഞാന്‍ ഡീസന്റാ!

   
 • At 7:30 PM, Blogger മീനാക്ഷിക്കുട്ടി said…

  സൊലീറ്റയുടെ മമ്മിക്ക്,

  സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് മനസ്സു നിറഞ്ഞ നന്ദി. ഞാന്‍ കമന്റ്സ് സെറ്റിംഗ്‌സ് മാറ്റിയിട്ടുണ്ട്. പിന്‍‌മൊഴിയില്‍ ഇനിയും വരുന്നില്ലെങ്കില്‍ അറിയിക്കണേ. ഞാന്‍ ഒക്കെയും മനസ്സിലാക്കി വരുന്നേയുള്ളൂ.

  മീനുക്കുട്ടീ, എന്ന വിളി ഒത്തിരി രസമുണ്ടട്ടോ.:)

   
 • At 8:07 PM, Blogger Kuttyedathi said…

  മീനുക്കുട്ടിക്കു സ്വാഗതം. അപ്പോളിനി നിറുത്താതെ ചെലച്ചോളൂട്ടോ. (ആരംഭ ശൂരത്വം കാണിച്ചിട്ടിടയ്ക്കു വച്ചു നിറുത്തു പ്പോയാലടി മേടിയ്ക്കും പറഞേക്കാം :)

  കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നുണ്ടുട്ടോ.

   
 • At 8:25 PM, Blogger ബിന്ദു said…

  ഹായ് മീനുക്കുട്ടീ... മുന്‍പിവിടെ വായാടി എന്നു സ്വയം വിശേഷിപ്പിച്ചൊരാള്‍ കമന്റിടാറുണ്ടായിരുന്നു. ആ കക്ഷി തന്നെയാണോ? എന്തായാലും ഞങ്ങള്‍ക്ക് കൂട്ടായി. :)ധൈര്യായിട്ട് വരമൊഴി വച്ച് വായാടിച്ചോളൂ.

   
 • At 8:41 PM, Blogger വല്യമ്മായി said…

  മീനാക്ഷിക്ക് സ്വാഗതം

   
 • At 8:46 PM, Blogger ഇത്തിരിവെട്ടം|Ithiri said…

  വായാടിയായ മീനാക്ഷിക്ക് സ്വാഗതം...

   
 • At 9:50 PM, Blogger സു | Su said…

  മീനാക്ഷിക്കുട്ടിയ്ക്ക് സ്വാഗതം.

   
 • At 10:57 PM, Blogger ദില്‍ബാസുരന്‍ said…

  പിന്നെ, മീനാക്ഷിക്കുട്ടി ഒരു പെണ്ണായോണ്ടുമാത്രമാണു ഞാന്‍ ചാടിക്കേറി ആദ്യത്തെ സ്വാഗതം പറയുന്നതു്. അല്ലെങ്കില്‍ ഇതിനൊക്കെ എവിടെ സമയം ;)

  പെരിങ്സേ.... കൂയ്.... :-)

   
 • At 11:03 PM, Blogger കൈത്തിരി said…

  മീനാക്ഷിക്കുട്ടീ, വരൂ, വിളമ്പിത്തരൂ... സ്വാഗതം...

   
 • At 11:13 PM, Blogger ikkaas|ഇക്കാസ് said…

  മീനൂസ്,സ്വാഗതം

   
 • At 1:15 AM, Blogger പെരിങ്ങോടന്‍ said…

  ഒരു alibi സൃഷ്ടിച്ചെടുക്കാമെന്നു കരുതിയാല്‍ അതിനും ഈ ബ്ലോഗന്മാര്‍ സമ്മതിക്കില്ല ;)

  മീനാക്ഷി സോറി ഈ ഒരു ഓഫ്‌ടോപ്പിക് ക്ഷമിക്കൂ. ‘ദെന്താപ്പൊ ഇവിടെ നടക്കണേ?’ എന്നല്ലേ ആലോചിക്കുന്നതു്. വിഷമിക്കണ്ട, മീനാക്ഷിക്കുട്ടിയെന്ന ബ്ലോഗത്തിയുടെ വരവിനുമുമ്പേ തുടങ്ങിയ ശീതയുദ്ധത്തിലെ കുഞ്ഞു-നുണബോംബുകളാണു് അവിടെയും ഇവിടെയും പൊട്ടുന്നതു് :)

   
 • At 1:35 AM, Blogger വക്കാരിമഷ്‌ടാ said…

  മീനാക്ഷിക്കുട്ടിക്ക് സ്വാഗതം.

  പെരിങ്ങോടാ, പതറരുത് :)

   
 • At 1:51 AM, Blogger വിശാല മനസ്കന്‍ said…

  മീന്‍ കുട്ടീ.. സ്വാഗതം.

  സോറി. ഞാന്‍ വെറും സ്വാഗതം പറഞ്ഞാന്‍ അതൊരു ചിറ്റപ്പന്‍ നയമായാലോ.. മീനാക്ഷിക്കുട്ടിക്ക് അതിവിശാലമായ സ്വാഗതം.

  വക്കാരീ... ഹിഹി!

   
 • At 9:53 AM, Blogger വളയം said…

  മീനാക്ഷിക്കുട്ടീ, പെണ്‍കുട്ടീ സ്വാഗതം.

  ഈ പെണ്‍ബ്ലോഗ് മാത്രം കാണാന്‍ എളുപ്പവഴി എന്തെങ്കിലുമുണ്ടോ; ആവോ

  (എവിടെയെങ്കിലും കൊണ്ടോട്ടെയെന്ന് കരുതിയാണേ; തമാശയാണേ)

   
 • At 5:39 PM, Blogger മഞ്ഞുതുള്ളി said…

  ബ്ലാ.. ബ്ലാ.. ബ്ലി.. ബ്ലീ.. തുടങ്ങിക്കോളൂ...

  --- സ്വാഗതം...

   
 • At 10:09 AM, Blogger ശ്രീജിത്ത്‌ കെ said…

  സ്വാഗതം മീനുക്കുട്ടീ, എല്ലാ‍ ആശംസകളും.

  എന്ന്, മറ്റൊരു അവിവാഹിതന്‍

   
 • At 10:53 AM, Blogger പച്ചാളം : pachalam said…

  ഹെന്ത് മിസ്റ്റര്‍ ശ്രീജിത്ത് അവിവാഹിതനോ???
  പച്ചക്കള്ളം, പെണ്ണും കെട്ടി പിള്ളേരുമുണ്ട്
  മോനെ ശ്രീജിത്തെ നീ ശോശാമയെ ഇത്രപെട്ടെന്ന് മറന്നൊ??

  ദേ ഞാന്‍ ശരിക്കും ഒരു അഹിവാതിതന്‍, ഛെ, അവിതാഹഹന്‍, യ്യൊ അതിവാഹഹന്‍, ങേ
  കല്യാണം കഴിക്കാത്ത ആള്‍!(ആളെന്ന് പറഞ്ഞത് ആ കുറുമാന്‍ ചേട്ടന്‍ എങ്ങാനും കേട്ടാല്‍ - ഇപ്പോ വരും പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍)

  മറന്നൂ, സ്വാഗതം മീനാക്ഷി (മീനാക്ഷിയുടെ അര്‍ത്ഥം പറയോ?)

   
 • At 11:03 AM, Blogger സു | Su said…

  എന്താ ഇവിടൊരു മത്സരം?

  പെരിങ്ങോടന്‍, ഇക്കാസ്‌വില്ലൂസ്, ആദി, ശ്രീജിത്ത്, വക്കാരി, ദില്‍‌ബൂ, ഇതൊന്നും പോരാഞ്ഞ് ഇപ്പോ പച്ചാളവും.

  ഈ ആണ്‍‌പ്രജകളെല്ലാം വരിവരിയായി പുറത്തേക്ക് പോയാട്ടെ.

  “എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസന്മാരേ”

   
 • At 11:21 AM, Blogger മീനാക്ഷിക്കുട്ടി said…

  പച്ചാളം,

  മീനാക്ഷിയുടെ അര്‍ത്ഥം.

  മീന്‍ പോലുള്ള അക്ഷികളോടു കൂടിയവള്‍ - മീനാക്ഷി.

  അതായതു പരല്‍മീന്‍ പോലെ പിടക്കുന്ന മനോഹരമായ കണ്ണുകളോടു കൂടിയവളാരോ, അവള്‍ മീനാക്ഷി.

  സമാസം : ബഹുവ്രീഹി.

  :)

  സസ്നേഹം, മീനാക്ഷി.

   
 • At 11:49 AM, Blogger prapra said…

  ആദ്യത്തെ പോസ്റ്റില്‍ തന്നെ ബഹുവ്രീഹി എന്നൊക്കെ പറഞ്ഞ് തുടങ്ങിയോ? ഈ കൊച്ച് ഉമേശന്‍ ഗുരുക്കള്‍ക്ക് പാരയാകും എന്ന് തോന്നുന്നല്ലോ. ആദിത്യാ ഒരു LLC റെജിസ്റ്റര്‍ ചെയ്യാനുള്ള ആളൊക്കെ ആയെന്ന് തോന്നുന്നു.

  25 ആയോ?(പ്രായം അല്ല!)

   
 • At 11:52 AM, Blogger പാപ്പാന്‍‌/mahout said…

  ആ സമാസം ചലച്ചിത്രഗാനത്തില്‍ പ്രയോഗിച്ചാല്‍ :
  “മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍
  മനോരമേ നിന്‍ നയനങ്ങള്‍“ എന്നിരിക്കും.

  മീക്കുട്ടീ, കുത്തു കൂടിയാലും കോമ കുറയരുതുകേട്ടോ, അല്ലെങ്കില്‍ സന്തോഷ് കോപിക്കുമേ...

  ഏതായാലും ഒരു സ്വാഗതം എന്റെ വകയും.

   
 • At 11:53 AM, Blogger പച്ചാളം : pachalam said…

  ഹെന്ത് പേരിന്‍റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ പേടിപ്പിക്കുന്നോ? അതും കോക്കാച്ചിയുടെ പേരു പറഞ്ഞു “ബഹുവ്രീഹി”!!

  ഈ സൂചേച്ചിക്കിതെന്താ, ഞങ്ങളെ പിടിച്ചു പുറത്താക്കാന്‍, ഒന്ന് പരിചയപ്പെട്ടോട്ടേന്നേ!!

  മീനാക്ഷി ഏതാണ്ട് ഇതുപോലിരിക്കുമോ

  ഞെക്കൂ...

   
 • At 12:14 PM, Anonymous Anonymous said…

  സ്വാഗതം പറച്ചില് നിറുത്താന്‍ പോവാണെന്ന് ഇന്ന് കാലത്തേം കൂടി വിചാരിച്ചേയുള്ളൂ.
  നമ്മള് സ്വാഗതം പറയും, ആദിത്യന്റെ സെറ്റിങ്ങ്സും ബൂലോക ക്ലബും ഒക്കെ കാണിച്ച് കൊടുക്കും.

  മര്യാദക്ക് ബ്ലോഗില്‍ പോസ്റ്റിടാന്നൊക്കെ വിചാരിച്ച അവരു നോക്കുമ്പൊ കമന്റടിക്കണതാണ് അല്ലെങ്കില്‍ ബൂലോഗത്തില്‍ ഒരു പോസ്റ്റിടുന്നതാണ് അവരുടെ ബ്ലോഗില്‍ പോസ്റ്റിടുന്നതിനേക്കാള്‍ നല്ലതെന്ന് ബൂലോക ക്ലബും രണ്ട് ബ്ലോഗൊക്കെ കേറിയിറുങ്ങുമ്പൊ മനസ്സിലാക്കും. :-)

  ഈയടുത്ത് ഒരു തുടക്ക പോസ്റ്റുമാത്രം ഇട്ട് സ്വാഗതം പറഞ്ഞോരുടെ ഗതി 99% ഇതായെന്ന് ഞാന്‍ ഈ വൈകിയ വേളയിലും മനസ്സിലാക്കി തുടങ്ങി. അവരൊരു പത്ത് പോസ്റ്റെങ്കിലും ഇട്ടിട്ടു പയ്യെ ചെന്ന് ഒരു സ്വാഗതം പറയാ..എന്നിട്ട് പിന്നേം ഒരു പത്ത് പോസ്റ്റിടുമ്പൊ സെറ്റിങ്ങ്സൊക്കെ കാണിച്ച് കൊടുക്കാ... അപ്പൊ അവരു വേറൊന്നിലും ശ്രദ്ധിക്കാതെ ബ്ലോഗുന്നാ തോന്നണെ. :-)

  അപ്പൊ മീനൂട്ടിയെ പത്തു പോസ്റ്റ് കഴിഞ്ഞിട്ടേ ഇനി സ്വാഗതം ഉള്ളൂട്ടൊ. :-)

   
 • At 12:44 PM, Blogger ദേവന്‍ said…

  ഹൈ അതെന്റേം പ്രിയപാട്ടാണല്ലോ പാപ്പാനേ..
  "പ്രണയോപനിഷത്തിലെ കയ്യക്ഷരങ്ങള്‍ നിന്‍ നുണക്കുഴിപ്പൂ മൂടും കുറുനിരകള്‍
  കാറ്റുവന്നവയുടെ രചനാഭംഗികള്‍ മാറ്റുവാന്‍ നീയെന്തിനനുവദിച്ചു
  കാറ്റിനെ ഞാന്‍ ശപിച്ചു അതു നിന്റെ കാമുക ഹൃദയത്തിലൊളിച്ചു.." ഗൊമ്മന്നസ്യായ ജിട്ടെന്‍ഷാ ലൈന്‍സ്‌..


  ഓഫ്‌ ടോപ്പിക്കിനിടേല്‍ ബ്ലോഗിന്റെ ഓണറേം മറന്നു.. സ്വാഗതം മീനാക്ഷിയേ

   
 • At 1:14 PM, Blogger മീനാക്ഷിക്കുട്ടി said…

  പച്ചാളം,

  പടം കണ്ടു. തരക്കേടില്ലാ, പക്ഷേ മീനാക്ഷീടെ അത്രയങ്ങു പോരാ. :) ഇതു ചുമ്മാ തുറിച്ചു നോക്കല്ലേ? "നീലസാഗരവീചികള്‍ വിരുന്ന് വരുന്ന" കണ്ണുകള്‍ അല്ലേ മീനാക്ഷി-ടെ? ഹിന്ദിയില്‍ "സാഗര്‍ ജൈസി ആംഖേന്‍ വാലി" എന്നൊക്കെ പാടി കേട്ടിട്ടില്ലേ, മിസ്റ്റര്‍ പച്ചാളം?

  അങ്ങിനെ "സാഗരം ശാന്തം" പോലെ ഒരുപാടു ശാന്തത ഘനീഭവിച്ചു കിടക്കുന്ന, ഒന്നു നോക്കിയാല്‍ കഥ പറയുന്ന, ഒന്നു മിണ്ടിയാല്‍ കവിത തുളുന്ബുന്ന കണ്ണുകള്‍ അല്ലേ മീനാക്ഷി-ടെ?

  ചുമ്മാ, കെട്ടോ. മീനാക്ഷിടെ ഒരോ മോഹങ്ങള്‍ ആണേ.

  ഉം....ഞിപ്പെണണ്‍്‌ പറയണ പോലെ ബ്ലോഗാം നമുക്കിനി. :)

  സസ്നേഹം, മീനാക്ഷി.

   
 • At 3:54 PM, Blogger സ്നേഹിതന്‍ said…

  സ്വാഗതം മീനാക്ഷിക്കുട്ടി.
  പകല്‍ക്കിനാക്കള്‍ പങ്കുവയ്ക്കു!

   
 • At 2:38 AM, Blogger പച്ചാളം : pachalam said…

  അതൊക്കെ ഇരിക്കട്ടെ ശരിക്കും എന്തിനാ ഇടി കൊണ്ടേ??
  ഓണാശംസകള്‍

   
 • At 1:14 AM, Blogger മീനാക്ഷി said…

  മീനാക്ഷിക്കുട്ടി, കുട്ടിയല്ലാത്ത ഒരു മീനാക്ഷി ഇവിടെയൊക്കെയുണ്ടേ... അതാണ് ഈ ഞാന്‍.

   

Post a Comment

<< Home