പകല്‍ക്കിനാവ്..

Thursday, August 31, 2006

അതെ, ഇപ്രാവശ്യത്തെ മലയാളമനോരമ ഞായറാഴ്ചയില്‍ ലത എഴുതിയ ഒരു കഥയുണ്ദു്‌. കണ്ണുനീര്‍ത്തുള്ളികള്‍...എനിക്കിഷ്ടപ്പെട്ടു. വായിച്ചോ, എല്ലാവരും?

Saturday, August 26, 2006

ഞാന്‍ ഒരു പാവം വായാടിപ്പെണ്ണാണേ....(മീനാക്ഷിക്കുട്ടിയും ആണേ..). പണ്ടൊക്കെ (എന്നു പറഞ്ഞാല്‍ സ്കൂളിലും കോളേജിലുമൊക്കെ തെക്കുവടക്കു വായിനോക്കി നടന്നിരുന്ന കാലത്ത്‌) "കത്തിയടിക്ക്‍ " ശ്രോതാക്കളെ സംഘടിപ്പിക്കാന്‍ എളുപ്പമായിരുന്നു.(അല്ലറചില്ലറ നംബറുകള്‍ ഉപയോഗിച്ചു നിഷ്കളങ്കരായ പിള്ളേരെ വശത്താക്കാന്‍ ദൈവാനുഗ്രഹത്താല്‍ സാധിച്ചുപോന്നിരുന്നു എന്നുവേണമെങ്കിലും പറയാം.) പക്ഷേ ഇവിടെയീ രാജ്യത്തെത്തിപ്പെട്ടതില്‍ പിന്നെ കഞ്ഞികുടി മുട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരുവശത്തു ഇംഗ്ലീഷില്‍ കത്തിവയ്ക്കാനുള്ള സങ്കേതികബുദ്ധിമുട്ടുകള്‍..:) മറുവശത്തു പറയുന്നതു മാറിപ്പോയി തടികേടാകുമോ എന്ന ആശങ്ക..ഇനി വല്ലപ്പോഴും മലയാളം-കത്തിക്കു പറ്റിയൊരാളെ ഒത്തുകിട്ടിയാലും അതുമിക്കവാറും "മലയാളം കുരച്ചു കുരച്ചു അരിയാം" കാറ്റഗറി ആയി പരിണമിക്കും. അങ്ങിനെ ഒരുവിധം നാവിന്റെ ചൊറിച്ചിലടക്കി മനസംയമനം പാലിച്ചു ജീവിച്ചുവന്നപ്പോഴല്ലേ എന്റെ പണ്ടെത്തെ ഒരു "ഇര" ബ്ലോഗുലകവും അതുവഴി മരുന്നും ഉപദേശിച്ചുതന്നത്. ഹാ..എന്തു പറയേണ്ടൂ...തേടിയ വള്ളി കാലില്‍ ചുറ്റി...(കഴുത്തില്‍ ചുറ്റാതെ നോക്കണമെന്നു ഞാനിതു പറഞ്ഞപ്പോള്‍ വേണ്ടത്ര വിവരമില്ലാത്ത ഒരു "അഭ്യുദയകാംക്ഷി" പറയുകയുണ്ടായി.അവനു പണ്ടേ എന്നോടല്‍പ്പം അസൂയ ഉള്ളതാ.

ദാ, എന്റെ പ്രശ്നം ഇതുതന്നെയാ...വായിട്ടലക്കല്‍...ബ്ലാ..ബ്ലാ...ബ്ലാ...പറഞ്ഞുവന്നതു(ഇവിടെ എഴുതേണ്ടതു) മീനക്ഷിക്കുട്ടിയെപ്പറ്റി അല്ലേ? എഴുതാം..എന്റെ ചേച്ചിയുടെ വാക്കുകള്‍ കടമെടുത്താല്‍ സംഗതി എളു-എളുപ്പം! "വിവരക്കേടിനു കൈയും കാലും വച്ചിട്ടു, അതിലേക്കു ഒരുകിലോ കുശുന്‍പും രണ്ടുകിലോ പരദൂഷണവും കാല്‍ക്കിലോ പൊങ്ങച്ചവും (സ്ത്രീജനങ്ങള്‍ക്കു പണ്ടേ ക്ലീഷെ ചെയ്തുവച്ചിട്ടുള്ള കാര്യങ്ങളാണേ. ഫെമിനിസ്റ്റുകള്‍ ക്ഷമിക്കട്ടെ..) ചേര്‍ത്തുകൂട്ടിയിളക്കിയാല്‍ മീനാക്ഷിയായി എന്ന്. അതില്‍ സത്യമൊന്നുമില്ലെന്നേ, ഇനിയല്‍പമുണ്ടെങ്കിലും അതൊക്കെ ചേര്‍ന്നാലല്ലേ ഈ മീനാക്ഷിക്കുട്ടിയാകൂ...ഇല്ലേല്‍ പാറൂട്ടിയോ, ദേവൂട്ടിയോ ഒക്കെ ആയിപോവില്ലാരുന്നോ....എന്തൊക്കെയായാലും മീനാക്ഷി ഒരു പാവമാണേ...എന്തേലും ഒക്കെ കുറച്ചു വര്‍ത്തമാനം പറയാനുള്ള അതിമോഹംകൊണ്ടു ഇവിടെവന്നു പെട്ടതാണേ...

ഗുരുക്കന്മാര്‍ പൊറുക്കട്ടെ....കൂട്ടുകാര്‍ സഹിക്കട്ടെ...എല്ലാവരും സ്നേഹിക്കട്ടെ..

ഒരുപാടു ഇഷ്ടം, സ്നേഹം, നന്മ...
എന്ന് സ്വന്തം മീനാക്ഷിക്കുട്ടി...